ശമ്പളം ജീവനക്കാർക്ക് സേവനത്തിനുള്ള പ്രതിഫലം
ശശി കളരിയേൽ
കൊച്ചി: പ്രത്യേക ഉത്തരവിലൂടെ ആറ് ദിവസത്തെ ശമ്പളം പിടിച്ചുവെക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അനുവദിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച്. സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി, ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്.
എല്ലാവരുടെയും പിന്തുണ സർക്കാരിന് വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ ശമ്പളം അവകാശമാണ്. ഇതൊരു നിയമപ്രശ്നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും കോടതി പറഞ്ഞു.
സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് പറഞ്ഞ കോടതി, ജീവനക്കാരുടെ വേതനത്തിൽ നിന്ന് മാറ്റിവയ്ക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി എന്ന പേരു പറഞ്ഞ് ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാകില്ല. അതിനാൽ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണെന്നും കോടതി അറിയിച്ചു.
ഏത് ചട്ടം അനുസരിച്ചാണ് ശമ്പളം പിടിച്ചുവയ്ക്കാൻ ഉള്ള ഉത്തരവ് പുറത്തിറക്കുന്നത് എന്ന് പറയുന്നില്ലെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. ജീവനക്കാരോട് സ്വമേധയാ പണം തരണം എന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. സർവീസ് ചട്ടപ്രകാരം ശമ്പളം സ്വമേധയാ മാത്രമേ നൽകാവൂ. ശമ്പളത്തിൽ നിന്ന് നിർബന്ധപൂർവം പിടിച്ചെടുക്കുന്ന തുക എന്ന് തിരിച്ച് തരുമെന്ന് ഉത്തരവിൽ ഇല്ല. ജീവനക്കാരന് കിട്ടുന്ന ശമ്പളം സേവനത്തിനുളള പ്രതിഫലമായി കണക്കാക്കിയാൽ നിയമവിധേയമായി മാത്രമേ പിടിച്ചെടുക്കാൻ കഴിയൂ. ഭരണ ഘടന അത് ഉറപ്പു നൽകുന്നുണ്ടെന്നും ഹർജിക്കാർ വാദിച്ചു.
Comments (0)